രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്ക് രോഗം ബാധിച്ചു. മരണം 1,771 കടന്നു. രോഗബാധിതർ വർധിക്കുന്നതിനാല് ട്രെയിൻ കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്നതിനുള്ള മാർഗരേഖ ആരോഗ്യമന്ത്രാലയം ഇറക്കി. ഇന്നലെ മുതൽ ദിവസത്തിൽ ഒരിക്കൽ മാത്രമേ കണക്കുകൾ പുറത്തുവിടൂ എന്ന് തീരുമാനിച്ചതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്ത് വന്നിട്ടില്ല.
രോഗബാധിത കേന്ദ്രങ്ങളായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലെ പുതിയ കേസുകൾ മാത്രം കൂട്ടുമ്പോൾ രാജ്യത്തെ രോഗബാധിതർ 52,758 കടന്നു. മരണം 1771ഉം. 40,000ൽ നിന്നും 50,000 ത്തിലേക്ക് രോഗികളുടെ എണ്ണമെത്തിയത് വെറും 3 ദിവസം കൊണ്ടാണ്. 20,000ത്തിൽ നിന്നും 30,000ലേക്കെത്താൻ ഒരാഴ്ചയും 30,000ൽ നിന്നും 40,000ത്തിലെത്താൻ 4 ദിവസവുമാണ് എടുത്തത്. 14,000 പേർ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും മുന്നിലുള്ള മഹാരാഷ്ട്രയിൽ 1,233 പുതിയ കേസും 34 മരണവും കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 380 പേർക്ക് രോഗം ബാധിച്ചപ്പോൾ മരണം 28 കടന്നു. ബംഗാളിൽ 4 മരണവും 112 കേസും പുതുതായി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 428 പുതിയ കേസുകൾ കണ്ടെത്തി. രാജസ്ഥാനിൽ 159 പുതിയ കേസും 4 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 3,317ഉം മരണം 93ഉം ആയി. മധ്യപ്രദേശിൽ 107 പുതിയ കേസും 11 മരണവും ഉണ്ടായതായി സർക്കാർ സ്ഥിരീകരിച്ചു.
യുപിയിൽ 118 പുതിയ കേസും 4 മരണവും റിപ്പോർട്ട് ചെയ്തു. രോഗബാധ തീവ്രമാകുന്നത് കണക്കിലെടുത്താണ് 215 സ്റ്റേഷനുകളിലായി 5150 കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കിയത്. കേരളത്തിൽ നിന്നും പാലക്കാട്, ഷൊർണൂർ, എറണാകുളം സ്റ്റേഷനുകളാണ് ഉള്ളത്. കോച്ചുകളിലെ നിരീക്ഷണ കേന്ദ്രങ്ങൾക്കായി പ്രത്യേക മാർഗരേഖയും ഇറക്കിയിട്ടുണ്ട്.