India National

അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ

യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കാൻ കേന്ദ്രം നിർദേശം നൽകി. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഡിസംബർ 31 ന് ശേഷവും നീട്ടും. റിപ്പബ്ലിക് ദിനാഘോഷത്തിനും നിയന്ത്രണങ്ങളുണ്ടാകും.

നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ 6 പേരിലാണ് അതിവേഗ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശേഷിക്കുന്നവരിലെ വൈറസിന്‍റെ സ്വഭാവം അറിയാനായി ഡൽഹി, ഹൈദരാബാദ്, ഭുവനേശ്വർ, ബാംഗ്ലൂർ, ബംഗാൾ, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന തുടരുകയാണ്.

ഡിസംബർ 9 നും 22 നുമിടെ വിദേശത്ത് നിന്നെത്തിയവരില് രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയക്കാന് ആരോഗ്യമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണവും സമ്പർക്കപ്പട്ടികയും കൃത്യമായി തുടരണം. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് 31ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷം ചുരുക്കിയേക്കും.

സീറ്റുകളുടെ എണ്ണം കുറക്കുന്നതടക്കമുളള തീരുമാനങ്ങള്‍ സർക്കാർ ഉടെന് കൈക്കൊള്ളും. അതേസമയം രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. നിലവില്‍ 2.68 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. 95.92 ശതമാനമാണ് രോഗമുക്തി നിരക്ക്.