India National

പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതയും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ കാരണം പരിശോധിക്കാനാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്. 52 സീറ്റാണ് ആകെ ലഭിച്ചത്.പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങൾക്ക് പോലും അര്‍ഹതയില്ല.

പാര്‍ട്ടി അധ്യക്ഷന്‍ പോലും കര്‍മ്മ മണ്ഡലത്തില്‍ തോറ്റു. തൊട്ട് പിന്നാലെ പരാജയ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. പക്ഷെ പ്രവര്‍ത്തക സമിതി അംഗീകരിക്കാനിടയില്ല. എടുത്തുചാടിയുള്ള തീരുമാനം വേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് നിര്‍ദ്ദേശിച്ചു. രാഹുൽ അധ്യക്ഷനായി തുടരാൻ തീരുമാനിച്ചുള്ള പ്രമേയം പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാൻ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു സമിതിയും രൂപീകരിക്കാനും സാധ്യതയുണ്ട്.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തർക്കമാണെന്ന വിമർശം ശക്തമാണ്. ഇതും കർണാടക, മധ്യപ്രദേശ് സർക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചർച്ചയില്‍ വരും. ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ രാജ് ബബ്ബാറും അമേഠി ഡി.സി.സി അധ്യക്ഷന യോഗേന്ദ്ര മിശ്രയും രാജിക്കത്തയച്ചിട്ടുണ്ട്. തോല്‍വിയില്‍ അത്ഭുതപ്പെടാനില്ലെന്ന ജനാര്‍ദ്ദന്‍ ദ്വിവേദി അടക്കമുള്ള നേതാക്കളുടെ വിമത സ്വരവും പാര്‍ട്ടിക്ക് തള്ളിക്കളയാനാകില്ല.