India National

കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാദാബാദിലും സാവിത്രി ഫൂലെ ബറൂച്ചിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോലാപൂരിലും പ്രിയ ദത്ത് മുംബൈ നോര്‍ത്തിലും ജനവിധി തേടും. അതേസമയം കര്‍ണാടകയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും 8ല്‍ ജെഡിഎസും മത്സരിക്കാന്‍ ധാരണയായി.

മഹാരാഷ്ട്രയിലെ 5 ഉം ഉത്തര്‍പ്രദേശിലെ 16ഉം സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാബാദില്‍ നിന്ന് ജനവിധി തേടും. 2009ല്‍ ഫിറോസാബാദില്‍ നിന്ന് ജനവിധി തേടിയ രാജ് ബബ്ബാര്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിലെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2014ല്‍ ഗാസിയബാദില്‍ നിലവിലെ കേന്ദ്രമന്ത്രി വി.കെ സിങിനോട് തോറ്റു.

ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലെത്തിയ സാവിത്രി ഫൂലെക്ക് ബറൂച്ച് തന്നെ നല്‍കി. കൈസര്‍ ജഹാര്‍ സിതാപൂരില്‍ നിന്നും ലളിതേഷ് പാട്ടി ത്രിപാതി മിന്‍സപൂരില്‍ നിന്നും ജനവിധി തേടും. സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപൂരില്‍ മത്സരിക്കും. 2014ല്‍ ഷിന്‍ഡെ സോലാപൂരില്‍ ബി.ജെ.പിയുടെ ശരത് ബാന്‍സോദെയോട് തോറ്റിരുന്നു. മുതിര്‍ന്ന നേതാവ് സുനില്‍ ദത്തിന്റെ മകള്‍ പ്രിയ ദത്ത് മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടും. നേരത്തെ ഗുജറാത്തിലെ 4 ഉം ഉത്തർപ്രദേശിലെ 11 ഉം സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ കര്‍ണാടക സീറ്റ് ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 20 സീറ്റില്‍ ജെ.ഡി.എസും 8ല്‍ കോണ്‍ഗ്രസും മത്സരിക്കാന്‍ തീരുമാനിച്ചു. മാണ്ഡ്യ, ഹാസന്‍, ചിക്കമഗ്ലൂര്‍ ഉഡുപി, ഷിമോഗ തുടങ്ങിയ മണ്ഡലങ്ങള്‍ ജെ.ഡി.എസിന് നല്‍കി.മൈസൂരില്‍ കോണ്‍ഗ്രസ് മത്സരിക്കും.