India

പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജൂണില്‍- തെരഞ്ഞെടുപ്പ് മെയില്‍

ന്യൂഡല്‍ഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ നടപടിക്രമങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. ജൂണില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ ശേഷമാകും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരിക. അതു വരെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി രാജിവച്ചതോടെയാണ് കോണ്‍ഗ്രസില്‍ നേതൃപ്രതിസന്ധി ഉടലെടുത്തത്. അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന ആവശ്യങ്ങളോട് രാഹുല്‍ വഴങ്ങാതെ നില്‍ക്കുകയാണ്.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു തിരുത്തല്‍വാദികളുടെ ആവശ്യം.പിന്നീട് പല തവണ കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിച്ചിരുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍, കോവിഡ് വാക്‌സിനേഷന്‍, അര്‍ണബ് ഗോസ്വാമിയുമായി ബന്ധപ്പെട്ട ചാറ്റ് ചോര്‍ച്ച എന്നീ വിഷയങ്ങളില്‍ പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി.