മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എൻ.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. മറാഠ വോട്ടുബാങ്കിനെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്.
എൻ.സി.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മറാഠ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുന്നു. 31 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായത്തില്‍ നിന്നുള്ള നേതാവും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ സത്താറ എം.പി ഉദയൻ രാജെ ഭോസലയാണ് ബി.ജെ.പിയില്‍ ചേക്കേറിയത് .ഉദയൻരാജെയുടെ ബന്ധുക്കളായ ശിവേന്ദ്ര രാജെയും സാംബാജി രാജെയും നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശരത് പവാര്‍ സംസ്ഥാന പര്യടനം തുടങ്ങുന്നത്.
മറാഠ സമുദായത്തിന് സ്വാധീനമുള്ള മറാഠ്‍വാഡ, പശ്ചിമ മഹാരാഷ്ട്ര, എന്നിവിടഹ്ങളിലും സംവരണപ്രക്ഷോഭ മേഖലകളായ ഉസ്മാനബാദ്, ബീഡ്, ലാത്തൂർ, പർഭണി, സോലാപുർ, അഹമ്മദ്നഗർ എന്നിവിടങ്ങളിലൂടെയുമാണ് യാത്ര. 288 സീറ്റുകളില്‍ 125ല്‍ വീതം സീറ്റുകളില്‍ മത്സരിക്കാനും ബാക്കി 38 എണ്ണം സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനും കോണ്‍ഗ്രസും എന്‍.സി.പിയും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്നെത്തും. 19ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കും.