India

പഞ്ചാബ് തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ കോണ്‍ഗ്രസ് യോഗം ഇന്ന്

പഞ്ചാബിലെ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള നിര്‍ണ്ണായക യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ് ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍ ആയിരുന്നു. തുടര്‍ന്നാണ് എഐസിസി മൂന്നംഗ ഉപസമിതി രൂപീകരിച്ചത്. ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും ഉടന്‍ തയ്യാറാകും. എന്‍ ഡി എ മുന്നണിയിലെ 70% സീറ്റുകളിലും സിഖ് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം വിദ്വേഷ പ്രസംഗത്തില്‍ നവ് ജ്യോത് സിങ് സിദ്ദുവിന്റ ഉപദേശകനും മുന്‍ ഡി ജി പിയുമായ മുഹമ്മദ് മുസ്തഫക്കെതിരെ കേസെടുത്തു.

അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനിരിക്കുന്നത്. ഇതിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് അംബിക സോണി, പഞ്ചാബ് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ അജയ് മാക്കന്‍ എന്നിവരടങ്ങിയ ഉപസമിതിയെയാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത് വനിതകളായിരുന്നു ഉണ്ടായിരുന്നത്.

ദീനാ നഗര്‍ മണ്ഡലത്തില്‍ നിന്ന് അരുണ ചൗധരി, ഇന്ദു ബാല (മുകേരിയ മണ്ഡലം), രജീന്ദര്‍ കൗര്‍ ബുലാര (ബുല്ലാന), രണ്‍ബീര്‍ കൗര്‍ മേയ (ബുദ്ധ്‌ലദ), റസിയ സുല്‍ത്താന (മലേര്‍കോട്‌ല), ഡോ മനോജ് ബാല ബന്‍സാല്‍ (ഡോ. മനോജ് ബാല ബന്‍സാല്‍) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ച വനിതാ സ്ഥാനാര്‍ഥികള്‍. നാല് മുന്‍മന്ത്രിമാരും രണ്ട് എഎപി വിമതരും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നു. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി സ്വന്തം മണ്ഡലമായ ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു സ്വന്തം മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിലുമാണ് മത്സരിക്കാനിരിക്കുന്നത്.

ടൈംസ് നൗ-വീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് പഞ്ചാബില്‍ സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 1-3 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക.