കോൺഗ്രസിന് മേലുള്ള അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു. മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ അസോസിയേറ്റ് ജേണൽ ലിമിറ്റഡ് ഭൂമി കേസിൽ മോത്തിലാൽ വോറയ്ക്കും ഭൂപീന്ദർ ഹൂഡക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം അന്വേഷണ ഏജൻസികളുടെ പരിധിയിലുള്ളത് കോൺഗ്രസ് നേതാക്കളുടെ നീണ്ടപട്ടികയാണ്.
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയെല്ലാം കയ്യെത്തും ദൂരത്ത് ഉണ്ട് അന്വേഷണ ഏജൻസികൾ. അസോസിയേറ്റ് ജേണൽ ലിമിറ്റഡ് ഭൂമി കേസിൽ ഇന്നലെ കോൺഗ്രസ് മുൻ ട്രഷറർ മോത്തിലാൽ വോറയ്ക്കും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡക്കം എതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതാണ് നിലവിലെ അവസാന നീക്കം.
എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മുതൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വലിയ പട്ടിക തന്നെ അന്വേഷണ ഏജൻസികൾക്ക് കീഴിലുണ്ട്. 5000 കോടി രൂപയുടെ നാഷ്ണൽ ഹെറാൾഡ് അഴിമതി കേസാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും എംപി രാഹുൽ ഗാന്ധിക്കും എതിരായി ഉള്ളത്.
മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോദ എന്നിവരും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കർണാടക നേതാവായ ഡി.കെ ശിവകുമാറിനെതിരെ നികുതി വെട്ടിപ്പ്, ഹവാല പണമിടപാട് എന്നിങ്ങനെ നാലിലധികം കേസുകളുണ്ട്. സുനന്ദ പുഷ്കർ കേസിൽ 2018 ജൂലൈ മുതൽ ജാമ്യത്തിലാണ് ശശി തരൂർ എംപി.
വ്യാപം കേസിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ്സിംഗ്, 10 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹിമാചൽപ്രദേശ് മുൻമുഖ്യമന്ത്രി വീരഭദ്ര സിംഗ്, 1996ലെ ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന കേസിൽ യു.പി നേതാവ് രാജ് ബബ്ബർ എന്നിവരും നിയമപോരാട്ടത്തിലാണ്.
എന്നാൽ ഇത്രയൊക്കെയായിട്ടും മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു എന്നും ഇരകൾക്കൊപ്പം നിന്ന് നിയമ പോരാട്ടം തുടരുമെന്നുമുള്ള പ്രസ്താവനയിൽ ഒതുങ്ങി നിൽക്കുകയാണ് കോൺഗ്രസ്.