നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. രണ്ട് പേര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം. കമല്‍നാഥിന്റെയും ഗുലാം നബി ആസാദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി 23 നേതാക്കള്‍ പുനസംഘടനയാവശ്യപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകുന്നത് തടയാനാണ് നിലവില്‍ നേതൃത്വത്തിന്റെ നീക്കം. ജി 23 നേതാക്കളെ അനുനയിപ്പിച്ച് മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അവര്‍ കൂടി യോജിക്കുന്ന സാഹചര്യമുണ്ടായാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളും.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബം മുന്നോട്ട് വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിന്‍മാറണമെന്നുമാണ് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടത്.
സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ ഗ്രൂപ്പ് 23 നിലപാട് ശക്തമാക്കി. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്