India

‘രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്തിന്’? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പൗരന്മാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവരാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കേന്ദ്രസർക്കാർ നടപടി ദേശവിരുദ്ധമല്ലെങ്കിൽ പിന്നെ എന്താണെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നതായിരുന്നു മറ്റൊരു ചോദ്യം. ജനങ്ങളുടെ സ്വകാര്യതയിലേക്ക് മോദി സർക്കാർ ഒളിഞ്ഞു നോക്കുകയാണ്. മോദി സർക്കാർ നിയമവിരുദ്ധമായി പൗരന്മാരെ നിരീക്ഷിക്കുകയാണ്. പെഗാസസ് സോഫ്റ്റ്‌വെയർ നൽകുന്നത് രാജ്യസുരക്ഷയെന്നാണ് അവരുടെ വാദം. സുരക്ഷാ സേനയുടെ തലവന്മാരെ പോലും മോദി സർക്കാർ വെറുതെ വിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ദി വയറാണ് ഇന്ന് പുറത്തുവിട്ടത്. ഫോൺ ചോർത്തപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ ഉണ്ടെന്നാണ് വിവരം. രാഹുൽഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ ലക്ഷ്യംവച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലേർട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്.

രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.