India National

മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചതിന് സസ്പെന്‍ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വിവാദമാവുന്നു. പെരുമാറ്റച്ചട്ട ലംഘന ആരോപണങ്ങളില്‍ കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാവുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ചൊവ്വാഴ്ച ഒഡിഷയിലെ സംബല്‍പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചത്. പരിശോധനക്ക് നേതൃത്വം നല്‍കിയ ഫ്ലൈയിങ് സ്ക്വാഡിന്റെ ചുമതലയുള്ള മുഹമ്മദ് മുഹ്സിനെ ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലയില്‍ നിന്ന് നീക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തുകയും ചെയ്തു. എസ്.പി.ജി സുരക്ഷയുള്ളവരുടെ വാഹനവ്യൂഹങ്ങള്‍ പരിശോധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥനെതിരെ നടപടി. കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. കമ്മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതിത്വം ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

അതിനിടെ വാഹന വ്യൂഹം പരിശോധിക്കാന്‍ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തട്ടിക്കയറുന്നതിന്റെയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രധാനമന്ത്രി മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘത്തിനായി പ്രത്യേക പ്രദര്‍ശനം നടത്തി. നാളെ സുപ്രീംകോടതിക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് കൈമാറിയേക്കും.