India National

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം

കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം നടത്തുന്നതായി ആരോപണം. കോൺഗ്രസിനു ഒപ്പമുള്ള സ്വാതന്ത്രരെ പണം നൽകി ഒപ്പം ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ കോൺഗ്രസ്‌ എം.എൽ.എമാർ മറുകണ്ടം ചാടാതിരിക്കാൻ രാജസ്ഥാനിൽ എത്തിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്നങ്ങൾ.

രാജസ്ഥാനിലെ 12 സ്വാതന്ത്ര എം.എൽ.എമാരെയും ചില കോൺഗ്രസ്‌ എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നാണ് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നത്. നിയമസഭ ചീഫ് വിപ്പ് അശോക് ജോഷി അഴിമതി വിരുദ്ധ സേനയോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പക്ഷെ അദ്ദേഹം നൽകിയ കത്തിൽ പക്ഷെ ബി.ജെ.പിയുടെ പേര് പറയുന്നില്ല. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് അടക്കമുള്ള മുതിർന്ന നേതാക്കൾ അടിയന്തര യോഗം ചേർന്നു. ജൂൺ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ആശങ്ക നേതാക്കൾക്കുണ്ട്. രാജസ്ഥാനിൽ നിന്ന് ഒഴിവ് വന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കോൺഗ്രസിനു നിലവിലെ സാഹചര്യത്തിൽ ജയിക്കാം.

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല എന്നിവരാണ് കോൺഗ്രസ്സിന്റെ സ്ഥാനാർഥികൾ. നിലവിൽ 107 കോൺഗ്രസ്‌ എം. എൽ.എ മാർ 12 സ്വാതന്ത്രരുടെ പിന്തുണയോട് കൂടിയാണ് രാജസ്ഥാൻ ഭരിക്കുന്നത്.