പാക്കിസ്ഥാനിലും ചൈനയിലും പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമുണ്ടെന്നും എന്നാൽ സമരം നടത്തുന്ന കർഷകരെ കാണാൻ അദ്ദേഹത്തിന് സമയമില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ കർഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച കർഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമർശനം. ”ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യമുയർത്തി 10 ദിവസം പ്രചാരണം നടത്തുന്നതിന്റെ ഭാഗമായിരുന്നു പരിപാടി.
കർഷകരാണ് അദ്ദേഹത്തെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയതെന്നും ഉത്തർപ്രദേശിലെ സഹരണ്‍പൂരിൽ നടന്ന കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു. സമരജീവികളെന്ന് വിളിച്ച് കർഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കർഷകരെ അവർ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കുന്നു. എന്നാൽ കർഷകർക്ക് ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കാനാവില്ല. കർഷകരുടെ ഹൃദയവും അവർ ചെയ്യുന്ന ജോലിയും എക്കാലത്തും രാജ്യത്തിനു വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.