India National

വൻതോതിൽ ചൈനീസ് സൈനികർ അതിർത്തി കടന്നു; സ്ഥിരീകരിച്ച് രാജ്‌നാഥ് സിങ്

ഇന്ത്യ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും – രാജ്നാഥ് സിങ്

ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതിർത്തി എവിടെയാണെന്ന കാര്യത്തിലുള്ള ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളുടെ കാഴ്ചപ്പാടുകൾ തമ്മിൽ വ്യത്യാസമുണ്ട്. വൻതോതിലാണ് ചൈനീസ് സൈനികർ മുന്നോട്ടു വന്നിട്ടുണ്ട്. എങ്കിലും, ഇത്തരം സാഹചര്യങ്ങൾ ചെയ്യേണ്ടത് എന്താണോ അതെല്ലാം ഇന്ത്യൻ സൈന്യവും ചെയ്തിട്ടുണ്ട്.

രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി

സി.എൻ.എൻ – ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. പി.എൽ.എയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്തു എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രാജ്‌നാഥ് സിങ് തയ്യാറായില്ല.

ചൈനയുമായുള്ള പ്രശ്‌നപരിഹാരത്തിന് ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ല. നിലവിൽ സൈനികതല ചർച്ചകൾ നടക്കുന്നുണ്ട്. ജൂണ്‍ ആറിന് ഉന്നതതല ചർച്ചയും നടത്തും. – മന്ത്രി പറഞ്ഞു.

‘ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നമ്മൾ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും’

കിഴക്കൻ ലഡാക്കിലെ അതിർത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിക്കുകയും, ടാങ്കുകളും പീരങ്കികളുമടക്കമുള്ള യുദ്ധോപകരണങ്ങൾ എത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതെന്ന് പറയപ്പെടുന്ന, സ്ഥിരീകരിക്കപ്പെടാത്ത ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിർത്തിയിലെ പ്രശ്‌നങ്ങളെപ്പറ്റി കേന്ദ്രസർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.