India National

ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2 ലക്ഷം രൂപ കെട്ടിവെക്കണം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്.