India

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുജാരയും ഐപിഎല്ലിന്

ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് പുജാരയെ ചെന്നൈ സ്വന്തമാക്കുന്നത്. 2014ലാണ് പുജാര അവസാനമായി ഐപിഎല്‍ കളിക്കുന്നത്. ഇതുവരെ 30 ഐപിഎല്‍ മത്സരങ്ങള്‍ പുജാര കളിച്ചിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയുള്‍പ്പെടെ 390 റണ്‍സാണ് പുജാര നേടിയത്. 99.74 ആണ് സ്‌ട്രൈക്ക് റേറ്റ്. ഐപിഎല്‍ ഉള്‍പ്പെടെ 64 ടി20 മത്സരങ്ങളിലാണ് പുജാര ബാറ്റേന്തിയത്. 1356 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

മെല്ലപ്പോക്കിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ബാറ്റ്‌സ്മാനാണ് പുജാര. ടെസ്റ്റിലായാലും ഈ ‘മെല്ലേപ്പോക്കിന്’ പുജാര ട്രോളേറ്റ് വാങ്ങിയിട്ടുണ്ട്. ആസ്‌ട്രേിയക്കെതിരെ സമാപിച്ച ടെസ്റ്റ് പരമ്പരയിലായാലും ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലായാലും(ആദ്യ രണ്ട് ടെസ്റ്റ്) പുജാര മികച്ച ഫോമിലല്ല. എന്തായാലും പുജാരയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. 2008 മുതല്‍ 2014 വരെ നീണ്ട ഐപിഎല്‍ കാലഘട്ടത്തില്‍ മൂന്ന് ടീമുകള്‍ക്ക് വേണ്ടിയാണ് പുജാര കളിച്ചിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പുജാരയിലെ ടി20 ബാറ്റ്‌സ്മാനെ കണ്ടെത്തിയത്.

2010ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായി താരം. അവസാനം പഞ്ചാബ് കിങ്‌സിന് വേണ്ടിയാണ് പുജാര ഐപിഎല്‍ കളിച്ചത്. അതിന്ശേഷം ആരും ടീമിലെടുത്തില്ല. അതേസമയം ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസാണ് 2021 ഐപിഎല്‍ ലേലത്തിലെ വിലപിടിപ്പുള്ള താരം. 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. 16 കോടിയായിരുന്നു യുവരാജിന് ലഭിച്ചിരുന്നത്.