മൂന്നാംകുറ്റി പ്രിയദര്‍ശിനി നഗറിലുള്ള വീട്ടിലെ ലിവിംഗ് റൂമില്‍ ഒരു പുസ്തകഷെല്ഫുണ്ട്. ഫാത്തിമയുടെ പുസ്തകശേഖരമാണ് അതില്‍ നിറയെ. അത്രത്തോളം വായനയെ ഇഷ്ടപ്പെട്ടിരുന്ന മിടുക്കിയായിരുന്നു അവള്. അതിനപ്പുറത്തെ മുറിയാണ് അവളുടേത്. അവിടെയുമുണ്ട് നിറയെ പുസ്തകങ്ങള്‍. അതിലൊന്ന് കൈയ്യില്‍ പിടിച്ച് മകളെയോര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് ഫാത്തിമയുടെ ഉമ്മ സജിത. അടുത്ത സെമസ്റ്ററില്‍ പഠിക്കാനുള്ള ‘വേള്‍ഡ് സിവിലൈസേഷന്‍സ്’ എന്ന പുസ്തകം ഓണ്‍ലൈനില്‍ നിന്ന് ഫാത്തിമ വാങ്ങിയിരുന്നു. എന്നാല്‍ പുസ്തകം വീട്ടിലെത്തിയപ്പോഴേക്കും ഫാത്തിമ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ഫാത്തിമ ആത്മഹത്യ ചെയ്തത് സജിതക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.
‘സ്വന്തമായി മുടിപോലും പിന്നാനറിയാത്ത കുട്ടിയാണവള്‍. അവളെങ്ങനെ തൂങ്ങിമരിക്കും, എന്റെ മകളെ കൊന്നതാണ്’, പറഞ്ഞുനിര്‍ത്തുമ്പോള്‍ സജിതയുടെ കൈയിലിരുന്ന പുസ്കത്തിന്റെ പുറംചട്ട കണ്ണീര് വീണ് നനഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പ് ഫാത്തിമ ഉമ്മയെ ഫോണില്‍ വിളിച്ചിരുന്നു. കരഞ്ഞ് കലങ്ങിയ കണ്ണ് കണ്ട് സജിത കാര്യം തിരക്കിയെങ്കിലും ഫാത്തിമ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. ‘ഉമ്മയും, വാപ്പിച്ചയും സങ്കടപ്പെടും എന്നുകരുതിയാകും എന്റെ കുട്ടി എല്ലാം ഉള്ളിലൊതുക്കിയത്’, സജിത പറഞ്ഞുനിര്‍ത്തി. ആരും സങ്കടപ്പെടുന്നത് ഇഷ്ടമല്ലാത്ത പ്രകൃതക്കാരിയായിരുന്നു ഫാത്തിമ. എന്നിട്ടും ഇന്റേണല്‍ മാര്ക്കിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ അവള് വീട്ടില്‍ അറിയിച്ചു. സുദര്ശന് പത്മനാഭനെന്ന അധ്യാപകനാണ് മനപ്പൂര്‍വ്വം മാര്‍ക്ക് കുറച്ചതെന്ന് ഫാത്തിമ ഉമ്മയോട് പറഞ്ഞിരുന്നു. 18 മാര്ക്കുണ്ടായിരുന്നത് മനപ്പൂര്‍വ്വം 13 ആക്കി കുറച്ചു. ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അപ്പീല്‍ നല്കി ഫാത്തിമ 18 മാര്‍ക്കും വാങ്ങിച്ചെടുത്തു. ഈ സംഭവത്തിന് ശേഷമാണ് മകളെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും ഫാത്തിമയുടെ മാതാവ് സജിത പറഞ്ഞു.
പൊലീസ് ഒത്തുകളിക്കുകയാണെന്ന് പിതാവ്
തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫ്:
‘മൊബൈല്‍ഫോണിലുണ്ടായിരുന്ന കുറിപ്പ് പോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറയുന്നു, പിന്നെങ്ങനെ അവരെ വിശ്വസിക്കും. ഫാത്തിമയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കൊപ്പമാണ് പൊലീസ്’
മൊബൈല്‍ഫോണില്‍ ഉണ്ടായിരുന്ന കുറിപ്പ് മാത്രമല്ല, പേപ്പറിലും മകള്‍ കുറിപ്പെഴുതിയിരുന്നെന്ന് പിതാവ് ആരോപിച്ചു. മാത്രമല്ല 2 അധ്യാപകര്‍ക്കും 7 വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.