India National

ചന്ദ്രയാന്‍ – 2 വിക്ഷേപണം മാറ്റിവെച്ചു

വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെ ചന്ദ്രയാന്‍ – 2 വിക്ഷേപണം മാറ്റിവെച്ചു. അവസാനഘട്ട പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജി.എസ്.എൽ.വി മാർക്ക് 3 എം1 റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയെന്നും അതീവ മുൻകരുതലിന്റെ ഭാഗമായി വിക്ഷേപണം മാറ്റിവെക്കുകയാണെന്നും പുലര്‍ച്ചെയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം എന്താണു കണ്ടെത്തിയ സാങ്കേതിക തകരാറെന്നു ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ പുലര്‍ച്ചെ 2.51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 2.51 ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടറോട് നിർദേശിക്കുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുളള പ്രമുഖര്‍ ചന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ വിക്ഷേപണം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും അവസാനവട്ട പരീക്ഷണങ്ങളിൽ കൂടുതൽ കൃത്യത വേണമെന്നു വിലയിരുത്തി ഇത് നീട്ടുകയായിരുന്നു. പിന്നീട് ഏപ്രിലിൽ വിക്ഷേപണം തീരുമാനിച്ചെങ്കിലും ലാൻഡറിൽ ചെറിയ തകരാറു കണ്ടെത്തിയതോടെ ഇതും മാറ്റിവെച്ചു. ഏറ്റവുമൊടുവില്‍ ജൂലൈയിൽ 15ന് വിക്ഷേപണം നടത്തി സെപ്തംബർ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കുംവിധമായിരുന്നു ഐ.എസ്.ആര്‍.ഒ പദ്ധതി തയ്യാറാക്കിയിരുന്നത്.

ഇനി സാങ്കേതിക തകരാർ പൂര്‍ണമായി പരിഹരിച്ച് അനുയോജ്യമായ ദിവസം കണ്ടെത്തി വിക്ഷേപണം നടത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.