ഈ വർഷം തന്നെ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ഊർജിത നീക്കവുമായി കേന്ദ്രസർക്കാർ. ഡിസംബറോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാനാകുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. നിലവിൽ രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്നും കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. രാജ്യത്ത് വാക്സിന്‍റെ ഇടവേള 90 ദിവസമാക്കി.
ഈ വർഷം ഡിസംബറോടെ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചത്. ജൂലൈ പകുതിയോടെയോ ആഗസ്തോടെയോ പ്രതിദിനം ഒരുകോടി പേർക്ക് വാക്സിൻ നൽകാനാകും. വിദേശ വാക്സിനുകളുടെ കൂടുതൽ ഡോസ് എത്തിക്കുന്നതിനൊപ്പം തദ്ദേശീയമായ വാക്സിനുകളുടെ ഉദ്പാദനവും വർധിപ്പിക്കും. നിലവിൽ തന്നെ രാജ്യത്ത് മതിയായ വാക്സിനുണ്ടെന്നും ബൽറാം ഭാർഗവ അവകാശപ്പെട്ടു.
അതിനിടെ കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ തന്നെ നൽകുമെന്നറിയിച്ച ഐ.സി.എം.ആര്‍, കോവാക്സിന്റെയും കോവിഷീൽഡിന്റെയും വാക്സിനേഷൻ ഇടവേളകളിൽ മാറ്റമില്ല എന്നും വ്യക്തമാക്കി. ആദ്യ ഡോസ് നൽകി 12 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. മെയ് 28 മുതൽ കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.