പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ ഇന്ന് പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. വിദേശ പഠനത്തിന് സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് തീയതി നിശ്ചയിക്കണമെന്നും മറ്റ് ബോര്‍ഡുകളുടെ ഓഫ്ലൈൻ പരീക്ഷകൾ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ചു ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഇന്ന് മാർഗരേഖ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. മൂല്യനിർണയത്തിന് ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷകളിലെ മാർക്കുകൾക്ക് പ്രധാന മാനദണ്ഡങ്ങളിലൊന്നാകുമെന്നാണ് സൂചന. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകൾ ഇതിനകം ഈ മാർക്കുകൾ ശേഖരിച്ചിട്ടുണ്ട്. അതോടൊപ്പം ക്ലാസിലെ പ്രകടനവും നിരന്തര മൂല്യനിർണയവും മാനദണ്ഡമായേക്കും.
പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയപ്പോൾ സ്വീകരിച്ചതാണ് മൂന്ന് വർഷത്തെ മാർക്ക് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം. മൂല്യനിര്‍ണയത്തിന് കൂടുതൽ സമയമെടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. എന്നാൽ വിദേശ ഉപരിപഠനമടക്കം സാധ്യമാകുന്ന തരത്തിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു. സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കുമെന്നാണ് കേന്ദ്രസർക്കാറും വ്യക്തമാക്കിയിരുന്നു.
ഫലപ്രഖ്യാപനം വൈകരുതെന്നും ഒരു തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക മംത ശർമ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഓഫ്ലൈൻ പരീക്ഷ ഒഴിവാക്കാൻ സംസ്ഥാന ഹയർസെക്കണ്ടറി ബോര്‍ഡുകൾക്കും എൻഐഒഎസിനും നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിലുണ്ട്. ബദൽ മൂല്യ നിർണയം ആവശ്യപ്പെട്ടുള്ള ഹരജിയായതിനാൽ മൂല്യനിർണയ മാർഗരേഖ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചേക്കും.