India

മൊറട്ടോറിയം: ഇളവിനായി 973 കോടിയുടെ സഹായം അനുവദിച്ച് കേന്ദ്രം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ ഇളവ് നല്‍കിയപ്പോള്‍ ബാങ്കുകള്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാനായി 973 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2020 മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കിയത് തിരികെ നല്‍കുന്നതിനാണ് ഈ തുക.

2 കോടി രൂപ വരെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പലിശയിളവിനായി ബജറ്റില്‍ നിന്നും നീക്കിവെച്ച 5500 കോടി രൂപയില്‍ 4626 കോടി രൂപയും 2020-21 കാലഘട്ടത്തില്‍ നല്‍കിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ വിശദീകരിച്ചു. ഈ തുകയ്ക്ക് പുറമേയാണ് അധികമായി ഇപ്പോള്‍ 973 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൊറട്ടോറിയം കാലത്തെ സാധാരണ, കൂട്ടുപലിശ നിരക്കുകള്‍ കണക്കാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലെയിം തുക കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയായിരുന്നു. മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപയില്‍ താഴെയുള്ള വായ്പകളുടെ കൂട്ടുപലിശയും സാധാരണ പലിശയും കണക്കാക്കി വിത്യാസം എത്രയെന്ന് 2020 നവംബറിന് മുന്‍പായി അറിയിക്കണമെന്ന് ഫിനാന്‍ഷ്യല്‍ നോണ്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.