പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. അഞ്ച് പ്രക്ഷോഭകരാണ് ഇതുവരെ സൈന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തര മന്ത്രി അമിത് ഷാ ഉപേക്ഷിച്ചു.
പ്രക്ഷോഭകാരികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും തുടരുകയാണ്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് മേഘാലയയിലും അരുണാചല്‍ പ്രദേശിലും അമിത് ഷാ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനം റദ്ദാക്കിയതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അടുത്ത യാത്ര എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ല.
അസമിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയെന്നും മിക്ക ജില്ലകളിലും കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചതായും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മേഘാലയയിലെയും അരുണാചലിലെയും ക്രമസമാധാന നില വിലയിരുത്താനും പ്രക്ഷോഭ രംഗത്തുള്ള നേതാക്കളുമായി സംസാരിക്കാനുമാണ് ആഭ്യന്തരമന്ത്രി പ്രധാനമായും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയരുന്ന ജനരോഷം തണുപ്പിക്കുന്നതിന് അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങളെ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ തള്ളുകയാണ് ചെയ്തത്.
സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇന്നു മുതല്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പശ്ചിമ ബംഗാളിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആരംഭിച്ചതായും ജനക്കൂട്ടം രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ ആക്രമിച്ചതായും വാര്‍ത്തകളുണ്ട്.