ഡല്‍ഹിയില്‍ പൌരത്വ സമരക്കാര്‍ക്ക് നേരെ കലാപം അഴിച്ചുവിട്ട് സര്‍ക്കാര്‍ അനുകൂലികള്‍. ഒരു പൊലീസുകാരനുള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കര്‍ദംപൂരില്‍ അക്രമികള്‍ കടകള്‍ക്ക് തീയിട്ടു. പത്തിടത്ത് നിരോധനാജ്ഞ. മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ശക്തമായ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍.
പൌരത്വ പ്രക്ഷോഭകര്‍ക്കെതിരെ ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയത് വ്യാപക അക്രമമാണ്. സി.എ.എ അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
പൌരത്വ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ മിക്കതും വെടിയേറ്റായിരുന്നു. രാത്രി വൈകിയും അക്രമം തുടര്‍ന്നു. സിഎഎക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സിഎഎ അനുകൂലികള്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.
സിഎഎ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെഎന്‍യു വിദ്യാര്‍ഥി സഫ മീഡിയവണിനോട് പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശവും പൊലീസിനെതിരെയുണ്ട്.
പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.