തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ. 23നാണ് വോട്ടെണ്ണൽ.
തമിഴ്നാട്ടിൽ 22 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിനൊപ്പം 18 മണ്ഡലങ്ങൾ വിധിയെഴുതി. ബാക്കിയുള്ള സൂലൂർ, അരുവാക്കുറുച്ചി, തിരുപ്പറൻ കുൺട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തിൽ എത്തുക.
ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സർക്കാറിന് നിലനിൽക്കണമെങ്കിൽ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കണം. പരമാവധി സീറ്റുകൾ നേടി, സർക്കാരിനെ താഴെയിറക്കാനുള്ള ലക്ഷ്യമാണ് ഡി.എം.കെയ്ക്ക് ഉള്ളത്.
ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കൾ’ മുന്നേറ്റ കഴകം, കമൽ ഹാസന്റെ ‘മക്കൾ നീതി മയ്യം’ എന്നീ കക്ഷികൾക്ക് തമിഴ് രാഷ്ട്രീയത്തിൽ കൃത്യമായി അടയാളപ്പെടുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്.
കർണാടകത്തിലും സമാന സാഹചര്യമാണ്. ശിവോലി, കുന്ത്ഗോൾ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് – ജെ.ഡി.എസ് ബന്ധത്തിൽ പ്രശ്നങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഉപതെരഞ്ഞെടുപ്പിലെ വിജയം ഇരു പാർട്ടികൾക്കും ഭരണത്തിലെ സ്വാധീനം വർധിപ്പിക്കാൻ നിർണായകമാണ്.