ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിപ്പബ്ലിക്ക് ദിനത്തിനായി ക്ഷണിച്ചത്. സ്വാതന്ത്ര ദിനത്തിലെന്ന പോലെത്തന്നെ റിപ്പബ്ലിക്ക് ദിനത്തിലും ആഘോഷപരിപാടികൾ ലഘൂകരിക്കുമെങ്കിലും നയതന്ത്ര നടപടികളും ക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത വർഷം ബ്രിട്ടൻ ആഥിതേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ബോറിസ് ജോൺസൻ ക്ഷണിച്ചിട്ടുണ്ട്.
ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത്. 1993ൽ ജോൺ മേജറായിരുന്നു റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യ സന്ദർശിച്ച അവസാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി.