India National

കങ്കണയുടെ വീട് പൊളിച്ച നടപടിക്കെതിരെ ബോംബെ ഹൈകോടതി;

ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ വീട് പൊളിച്ചതിന് ‍മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിയമപിന്തുണയില്ലാതെയാണ് വീട് പൊളിച്ചതെന്നും പൗരന്റെ അവകാശത്തിലേക്ക് ബി എം സി കടന്നുകയറിയെന്നും കോടതി വിമർശിച്ചു. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ പൊളിച്ച വീടിന്റെ ഭാഗം പുനർനിർമിക്കാന്‍ അനുമതി നല്‍കിയ കോടതി, കങ്കണക്ക് നഷ്ടപരിഹാരം നല്കാനും ഉത്തരവിട്ടു.

കങ്കണാ റണാവത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചത് പ്രതികാര നടപടിയാണെന്ന് നിരീക്ഷിച്ച കോടതി പൊളിക്കല്‍ നടപടികള്‍ നിര്‍ത്താനും ഉത്തരവിട്ടു. പ്രതികാര നടപടിയായി നിയമത്തെ ഉപയോഗിക്കരുത്. കങ്കണക്കുണ്ടായ നഷ്ടം കണക്കാക്കി മുംബൈ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കണം. പൊളിച്ച ഭാഗങ്ങള്‍ കങ്കണക്ക് നിര്‍മിക്കാമെന്നും കോടതി ഉത്തരവിട്ടു. 2 കോടിയായിരുന്നു നഷ്ടപരിഹാരമായി കങ്കണ ആവശ്യപ്പെട്ടത്.

സെപ്തംബര്‍ ഒന്‍പതിനാണ് കങ്കണയുടെ ബാന്ദ്രയിലുള്ള മണികര്‍ണിക ഓഫീസിന്റെ പത്തോളം നിര്‍മിതികള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടികളിലേക്ക് കടന്നത്. അന്ന് തന്നെ ഹൈക്കോടതിയെ സമീപിച്ച് കങ്കണ സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രം ബാബര്‍ പൊളിച്ച നടപടിക്ക് തുല്യമെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ ജീവിക്കാന്‍ യോഗ്യമായ സ്ഥലമല്ലെന്നും പാകിസ്താന് തുല്യമാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ശിവസേന സര്‍ക്കാറും കങ്കണയുമുള്ള വാക് പോര് തുടങ്ങുകയായിരുന്നു . അതിന്റെ തുടര്‍ച്ചയായാണ് പൊളിക്കല്‍ നടപടികളിലേക്ക് മുംബൈ കോര്‍പ്പരേഷന്‍ പെട്ടെന്ന് നീങ്ങിയത്. ശിവസേനയും ബിജെപിയും തമ്മിലുള്ള ഉരസലിലേക്ക് വരെ ഈ വിഷയമെത്തിയിരുന്നു . എന്തായാലും ബോംബെ ഹൈക്കോടതി വിധി കങ്കണക്ക് ആശ്വാസവും മുംബൈ കോര്‍പ്പറേഷനും ശിവസേന സര്‍ക്കാറിനും തിരിച്ചടിയുമാണ്.