ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട 28 വയസ്സുകാരന്റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ആല്‍വാര്‍ സ്വദേശി രത്തിറാം ജാദവാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. കൊലപാതക കേസില്‍ പൊലീസ് അന്വേഷത്തിലെ അതൃപ്തിയാണ് അത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
അന്ത്യ നിമിഷങ്ങളില്‍ പോലും രത്തി റാം പൊലീസ് അന്വേഷണത്തിലെ പോരായ്മകളെക്കുറിച്ചാണ് പറഞ്ഞതെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 16നാണ് രത്തിറാമിന്റെ മകന്‍ ഹരീഷ് യാദവിന് നേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടാകുന്നത്. ഹരീഷിന്റെ മോട്ടോര്‍സൈക്കിള്‍ ഒരു സ്ത്രീയെ ഇടിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം അയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഹരിഷ് ജാദവിന്റെ മരണം.
ഭിവണ്ടി-ചോപ്കാനി റോഡില്‍ വെച്ചായിരുന്നു ഹരീഷ് യാദവിന്റെ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് തടിച്ചുകൂടിയ പ്രദേശവാസികള്‍ ഹരീഷിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ബോധം നഷ്ടപ്പെട്ട ഹരീഷിനെ പ്രാദേശിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
സംഭവം ആള്‍ക്കൂട്ടക്കൊലയല്ലെന്ന നിലപാടാണ് പൊലീസ് തുടക്കം മുതല്‍സ്വീകരിച്ചത്. അല്‍വാര്‍ എസ്.പി പാരിസ് ദേശ് മുഖ് തന്നെ ഹരീഷിന്റെ കൊലപാതകം ആള്‍കൂട്ടകൊലപാതകമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു.