India

ബി.ജെ.പിയുടെ വിജയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയയോടെ, ജനവിധി ഞങ്ങൾക്കൊപ്പം -തേജസ്വി യാദവ്

ബിഹാറിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തപാല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിലൂടെ വലിയ ക്രമക്കേട് നടന്നതായാണ് തേജസ്വി യാദവ് ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പിലെ വോട്ടുകൾ മഹാസഖ്യത്തിന് അനുകൂലമായിരുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി എൻ.ഡി.എക്ക് അനുകൂലമായിരുന്നു.

പലയിടത്തും പോസ്റ്റൽ ബാലറ്റ് ക്യാൻസൽ ചെയ്തു. നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ ജയിച്ച 20 മണ്ഡലങ്ങളിലെങ്കിലും ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. തേജസ്വി പറയുന്നു.

ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണ ലഭിച്ചു, പക്ഷേ പണവും കൈക്കരുത്തും കൊണ്ട് എൻ‌.ഡി‌.എ വിജയം നേടി, ഇത്രയധികം തപാൽ ബാലറ്റുകൾ അസാധുവാക്കിയത് എന്തുകൊണ്ടാണ്?

ഇത് എന്തിനാണെന്ന് സ്ഥാനാർഥികൾക്ക് പോലും അറിയില്ല. വീണ്ടും വോട്ട് എണ്ണണം എന്ന ആവശ്യം പോലും കമ്മീഷൻ അംഗീകരിച്ചില്ല തേജസ്വി കൂട്ടിചേർത്തു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും എന്നെ തടയാൻ കഴിഞ്ഞില്ല. ആർ‌.ജെ.ഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത് കണ്ടു നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ,” തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിലെ ജനങ്ങൾക്ക് ഈ അവസരത്തിൽ നന്ദി പറയുന്നു. വോട്ടിലൂടെ മഹാസഖ്യത്തെ നിങ്ങൾ അനുകൂലിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫലം പക്ഷേ എൻ‌.ഡി‌.എയ്ക്ക് അനുകൂലായിരുന്നു. ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്

2015 ലും ബി.ജെ.പി അധികാര നേടിയത് പിൻവാതിലിലൂടെയാണ്.

243 അംഗം ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 122 സീറ്റ് എന്‍.ഡി.എ നേടിയെങ്കിലും ബി.ജെ.പിക്ക് 74 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. നിതീഷ് കുമാറിന് 43 സീറ്റുകളും. 75 സീറ്റുമായി തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.