India National

ദൂരദര്‍ശന്‍ വഴി ബി.ജെ.പി പ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ആവശ്യാർഥം ദൂരദർശനെ സർക്കാർ ദുരുപയോഗം ചെയ്യുന്നതായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദിയുടെ ചില പ്രസംഗങ്ങൾ നിരന്തരമായി സംപ്രേഷണം ചെയ്യുന്ന ദൂരദർശനെ, സർക്കാർ ‘നമോ ചാനലാ’ക്കിയതായി കോൺഗ്രസ് കുറ്റപ്പെടുത്തി.

ചാനലിന്റെ ദുരുപയോഗത്തിനെതിരെ കോൺഗ്രസ് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമെ, അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ നേരിടുന്ന ജാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെയും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം കമ്മീഷനെ കണ്ടു.

ബി.ജെ.പിയുടെ ‘മേം ഭി ചൗക്കീദാർ’ പരിപാടി ദൂരദർശൻ ലെെവായി സംപ്രേഷണം ചെയ്യുകയും യൂട്യൂബിലും, ദൂരദർശന്റെ സോഷ്യൽ മീഡിയ സെെറ്റുകളിലും പരിപാടി പ്രചരിപ്പിക്കുകയും ചെയ്തതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ദൂരദർശന് പുറമെ, മറ്റു ചില സ്വകാര്യ ചാനലുകളും ബി.ജെ.പി അജണ്ടകൾ നടപ്പിലാക്കുന്നതായും, പരിപാടികൾക്കിടെ ‘നമോ’ ലോഗോ ചേർക്കുന്നതായും കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനപ്രാതിനിധ്യ നിയമപ്രകാരം ഇത് തെറ്റാണെന്ന് പാർട്ടി പറഞ്ഞു. പൊതു ഇടങ്ങൾ രാഷ്ട്രീയവത്കരിക്കുന്നത് തരംതാണ പ്രവർത്തിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും പരഞ്ഞു.