India National

ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന് മുസാഫർന​ഗർ ബി.ജെ.പി സ്ഥാനാർഥി

തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കെ, വർഗീയ പരാമർശവുമായി മുസഫർനഗർ ബി.ജെ.പി സ്ഥാനാർഥി. ഉത്തർപ്രദേശ് മുസഫർനഗറിൽ നിന്നും ജനവിധി തേടുന്ന ബി.ജെ.പിയുടെ സഞ്ജീവ് ബല്യാൻ ആണ് ബുർഖ ധരിച്ച് വോട്ട് രേഖപ്പെട്ടുത്താൻ വരുന്നവരെ തടയണമെന്ന് പറഞ്ഞത്.

ചില നഗരങ്ങളിൽ വ്യാജ വോട്ടുകൾ രേഖപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി പറഞ്ഞ ബല്യാൻ, ബുർഖ ധരിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ ശരിയായ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് വ്യക്തമാക്കി. മുഖം മറച്ച് വരുന്ന സ്ത്രീകളെ ശരിയായി പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിന് ആവശ്യപ്പെടുമെന്നും സഞ്ജീവ് ബല്യാൻ പറഞ്ഞു.

16 ലക്ഷം വോട്ടർമാരുള്ള മുസാഫർനഗറിൽ അഞ്ച് ലക്ഷം മുസ്‍ലിംകളാണുള്ളത്. ജാട്ട്, ജാദവ്, ഒ.ബി.സി ഉൾപ്പടെ 11 ലക്ഷം ഹിന്ദു വോട്ടർമാരും മണ്ഡലത്തിലുണ്ട്. കനത്ത പോരാട്ടം നടക്കുന്ന മുസാഫർനഗറിൽ, മായാവതി, അഖിലേഷ് പിന്തുണയോടെ മത്സരിക്കുന്നത് മുതിർന്ന രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിംഗ് ആണ്. മുസാഫർനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

പടിഞ്ഞാറൻ യു.പിയിലെ 8 സീറ്റുകളി‍ലാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭീകരമായ വർഗീയ സംഘർഷത്തിന് സാക്ഷ്യം വഹിച്ച മുസാഫർനഗറിൽ, ആക്രമണത്തിന്റെ ഫലമായി 60 പേർ കൊല്ലപ്പെടുകയും 50,000 പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുകയുണ്ടായി. തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ ഖാദിർ റാണയെ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് സ‍ഞ്ജീവ് ബല്യൻ ജയിച്ചത്.