കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ബംഗാളിനെ അതീവ പ്രശ്നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഇന്നലെ അഹമ്മദാബാദിലെ കോണ്‍ഗ്രസ് റാലിയില്‍ റഫാല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക വഴി രാഹുല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം.
ബി.ജെ.പി രഥയാത്രക്കും അമിത് ഷായുടെയും യോഗി ആദിത്യനാഥിന്റെയും ഹെലികോപ്ടറിന് അനുമതി നിഷേധിക്കുകയും ചെയ്ത ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെയും പാര്‍ട്ടി കമ്മിഷനില്‍ പരാതിപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് തൃണമൂല്‍ പ്രവര്‍ത്തകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഓരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണം. മാധ്യമങ്ങള്‍ക്ക് പോലും സംസ്ഥാനത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും പരാതിയില്‍ പറയുന്നു. നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ബി.ജെ.പി ഉന്നതതല പ്രതിനിധി സംഘമാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയത്.