India National

പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു

പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രളയസമയത്ത് കൃത്യമായി ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. നഗരവികസന മന്ത്രിയും പാട്നയിലെ മേയര്‍ അടക്കമുള്ളവരും ബി.ജെ.പിയില്‍ നിന്നായതിനാലാണ് ജെ.ഡി.യുവിന് നേരെ ബി.ജെ.പി വിമര്‍ശനം വഴിതിരിച്ച് വിടുന്നതെന്നാണ് ജെ.ഡി.യുവിന്റെ വാദം.

കേന്ദ്രമന്ത്രിയും ബേഗുസറായില്‍ നിന്നുള്ള എം.പിയുമായ ഗിരിരാജ് സിങ് ആണ് ബീഹാറില്‍ നിതീഷ് കുമാറിനും സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രളയസാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ നിതീഷ് കുമാറിന് വീഴ്ച പറ്റിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. പിന്നാലെ ഗിരിരാജ് സിങിനെതിരെ ആരോപണങ്ങളുമായി ജെ.ഡി.യു നേതാക്കളും രംഗത്തെത്തി. ബീഹാറില്‍ നിരവധി പേര്‍ മരിച്ച പ്രളയത്തില്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയെ വരെ വസതിയില്‍ നിന്ന് ബോട്ടിലെത്തി രക്ഷിക്കേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ താന്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇതാണ് വീഴ്ചക്ക് കാരണമെന്നുമാണ് നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ശര്‍മ്മയുടെ വാദം. എന്നാല്‍ പാട്നയിലെ പ്രാദേശിക ഭരണനേതൃത്വവും നഗരവികസന വകുപ്പും ബി.ജെ.പിയുടേതായതിനാലാണ് നിതീഷ് കുമാറിനെതിരെ ഗിരിരാജ് സിങ് അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ജെ.ഡി.യു നേതാവ് രാജീവ് രഞ്ചന്‍ പ്രസാദ് പറഞ്ഞു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെക്കാള്‍ ബി.ജെ.പി -ജെ.ഡി.യു സര്‍ക്കാരിനെ തകര്‍ക്കാന്‍ ഇടയാക്കുന്ന പ്രതികരണം നടത്തുന്നത് ഗിരി രാജ് സിങാണെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയും ആരോപിച്ചു. സര്‍ക്കാരിനെതിരായ ഗിരിരാജ് സിങിന്റെ പ്രതികരണത്തെ ആര്‍.ജെ.ഡി എന്തായായാലും സ്വാഗതം ചെയ്തിരിക്കുകയാണ്.