India National

ബി.ജെ.പി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീലയിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ വ്യാജ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുകയും മനസിന് ആശ്വാസം കിട്ടാന്‍ ഹനുമാൻ സ്തുതി ഉരുവിടാന്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്തുകൊണ്ടായിരുന്നു കെജ്‍രിവാളിന്റെ പ്രചാരണം അവസാനിച്ചത്.

“വൃത്തികെട്ട തന്ത്രങ്ങൾ” പ്രയോഗിച്ചിട്ടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു. ”സ്കൂളുകൾ, ആശുപത്രികൾ, വ്യവസായങ്ങൾ, തൊഴിൽ, റോഡുകൾ, ഗതാഗതം, ശാസ്ത്ര സാങ്കേതിക വിദ്യ, ഗവേഷണം എന്നിവ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി 21-ാം നൂറ്റാണ്ടിലെ ഒരു മികവുറ്റ രാജ്യം വികസിപ്പിക്കാനാണ് ആം ആദ്മി പ്രവർത്തിക്കുന്നത്. ഇത് രാജ്യത്തെ മുന്നോട്ട് നയിക്കും. എന്നാൽ ബി.ജെ.പിയുടെ ഹിന്ദു – മുസ്‌ലിം ശൈലി രാജ്യത്തെ 200 വർഷം പിന്നോട്ടടിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ നടത്തിയ പ്രചാരണം പലവട്ടം എ.എ.പി ചോദ്യം ചെയ്തു. ഒടുവില്‍ പ്രചാരണത്തിന്റെ അവസാനദിനം ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ബി.ജെ.പിയിൽ യോഗ്യരില്ലെന്ന് പറഞ്ഞാണ് കെജ്‍രിവാള്‍ അവസാനിപ്പിച്ചത്. ഡല്‍ഹിയിലെ എല്ലാ പൗരന്മാരും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണെന്ന് ആയിരുന്നു കെജ്‍രിവാളിന്റെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ നല്‍കിയ മറുപടി. ”മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തുറന്ന ചർച്ചയ്ക്ക് വരാൻ ഞാൻ ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു. സംബിത് പത്രയെ പോലുള്ളവര്‍ തങ്ങളുടെ വോട്ടു കൊണ്ട് മുഖ്യമന്ത്രിയാകുമോയെന്ന ഭയം ഡല്‍ഹിയിലെ ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിലൂടെ തങ്ങളുടെ കൂട്ടത്തില്‍ ഈ പദവിക്ക് അർഹരായ ആരും ഇല്ലെന്ന് ബി.ജെ.പി വ്യക്തമാക്കുകയാണ്. ”കെജ്‌രിവാൾ പറഞ്ഞു. ശാഹീൻ ബാഗ് പ്രതിഷേധം ഉൾപ്പെടെ രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയുമായും അമിത് ഷായുമായും ചർച്ചയ്ക്ക് തയാറാണെന്ന് കെജ്‍രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ, അമിത് ഷാ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ബി.ജെ.പിക്കെതിരെ ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് ഒറ്റയാള്‍ പോരാളിയെ പോലെയാണ് കെജ്‌രിവാൾ രംഗത്തുണ്ടായിരുന്നത്. എന്നാല്‍ അഭിമാന പോരാട്ടമായി കണക്കാക്കുന്ന ബി.ജെ.പി, അമിത് ഷായുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എം.പിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. രണ്ട് തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നു. ഇതേസമയം, ആം ആദ്മി സ്ഥാനാര്‍ഥികളും പ്രവർത്തകരും അവരുടെ നിയോജകമണ്ഡലങ്ങളിൽ ഒതുങ്ങിനിന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ പാർട്ടി വോട്ട് തേടുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ പറഞ്ഞു.