India National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പി ശീലമാക്കുന്നു: എന്‍.സി.പി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ബി.ജെ.പിയുടെ ശീലമാണെന്ന് എന്‍.സി.പി. മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.സി.പി നേതാക്കളുടെ പ്രസ്താവന.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന ശീലം ബി.ജെ.പിക്കുണ്ട്. ഇപ്പോള്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസാക്കുകയാണ്. അവര്‍ക്കിപ്പോള്‍ വേറെ ഒരു പണിയുമില്ല-മഹാരാഷ്ട്ര എന്‍.സി.പി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഗതാഗത മന്ത്രി അനില്‍ പരബ് എന്നിവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബി.ജെ.പി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. അനില്‍ ദേശ്മുഖിനെതിരായ സി.ബി.ഐ അന്വേഷണത്തെ എന്‍.സി.പി എം.പി സുപ്രിയ സുലെ അപലപിച്ചു. ദേശീയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അടിയന്തരാവസ്ഥക്കാലത്ത് മാത്രം കണ്ടിരുന്ന പ്രവണതയാണെന്ന് അവര്‍ പറഞ്ഞു.