മഹാരാഷ്ട്ര അസംബ്ലിയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യത്തിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി സ്പീക്കർ വിളിച്ചുചേർത്ത അസംബ്ലി സെഷൻ നിയമവിരുദ്ധമെന്ന് ബി.ജെ.പി. വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. ‘ഈ അസംബ്ലി സെഷനിൽ ചട്ടങ്ങൾ പാലിക്കുന്നില്ല. വന്ദേമാതരം ചൊല്ലാതെയാണ് സഭ ആരംഭിച്ചത്. ഇത് ചട്ടവിരുദ്ധമാണ്.’ ഫഡ്‌നാവിസ് ആരോപിച്ചു. എന്നാൽ, ചട്ടം ലംഘിച്ചില്ലെന്നും ഫഡ്‌നാവിസിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും സ്പീക്കർ പ്രതികരിച്ചു.