India National

പശുവിന്റെ പേരില്‍ വീണ്ടും ആള്‍കൂട്ടകൊലപാതകം; ബിഹാറില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

പശുവിന്റെ പേരില്‍ ആള്‍കൂട്ടാക്രമണത്തിന് ഇരയായി ബിഹാറില്‍ വീണ്ടും കൊലപാതകം. 44 കാരനായ മഹേശ് യാദവ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രണ്ട് സഹായികളോടൊപ്പം ഇദ്ദേഹത്തെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി തല്ലികൊന്നത്. സഹായികളായ രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തിയ പൊലീസ് റോബേര്‍ട്ട്‌സ്ഗഞ്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൊലപാതകത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വര്‍ഷം തന്നെ ബിഹാറിലെ പല സ്ഥലങ്ങളിലായി ഇത്തരത്തില്‍ നിരവധി കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിംബ്രാണി ഗ്രാമത്തിലെ 55 കാരനായ മുഹമ്മദ് കബൂലിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കന്നുകാലികളെ മോഷ്ടിച്ചു എന്ന സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ കൂട്ടത്തോടെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം വഴിമുട്ടിയിരിക്കെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.