India International

ജനാധിപത്യ മൂല്യങ്ങൾ ഊന്നിപ്പറഞ്ഞ് ബൈഡൻ – മോദി ഫോൺ സംഭാഷണം

ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ സുദൃഢമാക്കാൻ ഉദ്ദേശിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചർച്ചാ വിഷയമായി.

ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കുമായി തങ്ങൾ നിലകൊള്ളുമെന്ന് ബൈഡൻ സംഭാഷണത്തിൽ പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയായിരുന്നു ഇരുവരും തമ്മിലെ ഫോൺ സംഭാഷണം. ഇന്ത്യ ഗവൺമെൻറ് കർഷക പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചു കൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രസ്താവന ഇറക്കിയതിന്റെ തുടർച്ചയെന്നോണമാണ് ജനാധിപത്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള ബൈഡന്റെ സംഭാഷണം.

കോവിഡ് മഹാമാരിക്കെതിരെയുള്ള യോജിച്ചുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്ര നേതാക്കൾ പറഞ്ഞു. ബൈഡൻ അധികാരത്തിലേറിയതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ സംഭാഷണമാണെങ്കിലും ഇത് വരെ മൂന്നോളം ഉയർന്ന ഉദ്യോഗസ്ഥ തല ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മൂന്നാഴ്ചകളായി നടന്നു. കഴിഞ്ഞ വർഷം നവംബറിൽ ബൈഡന്റെ വിജയം ഏതാണ്ട് ഉറപ്പായ സമയത്ത് ഇരുവരും തമ്മിൽ സംസാരിച്ചിരുന്നു.