ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഭീം ആര്‍മി പ്രവര്‍ത്തകരുടെ മാര്‍ച്ച് ജോര്‍ബാഗിലാണ് തടഞ്ഞത്.
കൈകള്‍ കെട്ടിവെച്ചാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അക്രമം നടത്തിയെന്ന് പൊലീസ് ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ആസാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസാദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്ന് പൊലീസിനെ വെട്ടിച്ച് വീടുകളുടെ ടെറസുകള്‍ ചാടിക്കടന്ന് സാഹസികമായാണ് ആസാദ് പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ജമാ മസ്ജിദിലെത്തിയത്. ഒടുവില്‍ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ ആസാദ് പൊലീസിന് കീഴടങ്ങുകയായിരുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമായതോടെ ഡൽഹിയിൽ ഇന്ന് മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപുർ, ജാഫ്രബാദ്, യു.പി ഭവൻ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പ്രതിഷേധിക്കാന്‍ യു.പി ഭവന് മുന്‍പിലെത്തിയവര്‍ അറസ്റ്റിലായി. പോസ്റ്ററുകളുമായെത്തിയ പെണ്‍കുട്ടികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നാലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെത്തി. പ്രതിഷേധം തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അറസ്റ്റ്. പ്രതിഷേധം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.