India National

‘ആസാദ് സമാജ് പാർട്ടി’; ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ഭരണഘടന മൂല്യങ്ങളുയർത്തിപ്പിടിച്ച് ബഹുജനങ്ങൾക്ക് വേണ്ടി പാർട്ടി പ്രവർത്തിക്കും.

ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാർട്ടിയെന്നാണ് പാർട്ടിയുടെ പേര്. ഭരണഘടന മൂല്യങ്ങളുയർത്തിപ്പിടിച്ച് ബഹുജനങ്ങൾക്ക് വേണ്ടി പാർട്ടി നിലകൊള്ളുമെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. കോവിഡ് 19 പശ്ചാത്തലത്തിൽ യുപി സർക്കാർ പാര്‍ട്ടി രൂപീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു.

കോവിഡ് 19 ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഭീം ആർമിയുടെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന പരിപാടിക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചത്. നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും പരിപാടി നടത്താനാവില്ലെന്ന് ഇന്നലെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ രാവിലെ നിശ്ചയിച്ച പ്രഖ്യാപനം നടന്നത് ഉച്ചക്ക് ശേഷമായിരുന്നു.

നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് ചന്ദ്രശേഖർ ആസാദ് അംഗത്വം നൽകി. ദലിത് നേതാവ് കാൻഷിറാമിന്‍റെ ജന്മദിനത്തിലായിരുന്നു പാർട്ടി പ്രഖ്യാപനം. ഉത്തർപ്രദേശിലെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി എ.എസ്.പി യോജിച്ചു പ്രവർത്തിക്കുമെന്നാണ് സൂചന.