കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പല സംസ്ഥാനങ്ങളിലും തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാൽ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർഷക സംഘടനകൾ അഭ്യർത്ഥിച്ചു. 15ലധികം പ്രതിപക്ഷ പാർട്ടിയുടെയും വിവിധ സംഘടനകളുടെയും പിന്തുണയോടെയാണ് ഭാരത് ബന്ദ്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്.
കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായുള്ള ഭാരത് ബന്ദിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് കർഷക സംഘടനകൾ വിലയിരുത്തും. കോൺഗ്രസ്, ഇടത് പാർട്ടികൾ, എസ്പി തുടങ്ങി 15ലധികം രാഷ്ട്രീയ സംഘടനകളും വിവിധ ബാങ്ക് യൂണിയനുകളും ഗുഡ്സ് ആൻഡ് ട്രാൻസ്പോർട്ട് യൂണിയനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്.
ഹരിയാന, പഞ്ചാബ് സംസ്ഥാങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെ റോഡുകൾ ഉപരോധിക്കും. നഗരങ്ങളിൽ ഉള്ളവർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കടകൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇരിക്കണമെന്ന് കർഷകർ അഭ്യർത്ഥിച്ചു. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും നിർബന്ധിച്ച് അടക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകര്‍ ഇന്നത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടമായി അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ബദല്‍ സമര പരിപാടികള്‍ കേരളത്തില്‍ നടക്കും.
അവശ്യ സർവ്വീസുകൾ, ആശുപത്രി ആവശ്യങ്ങൾ, വിവാഹസംഘങ്ങളെയെല്ലാം ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി നാളെ നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.