ബെംഗളൂരുവിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. 26,299 പേരാണ് ബെംഗളൂരുവിൽ ഇന്ന് കൊവിഡ് ബാധിതരായത്. കർണാടകയിൽ ആകെ 50,210 പേർക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ കർണാടകയിലെ ആകെ ആക്ടിവ് കേസുകൾ 3.57 ലക്ഷം ആയി. രണ്ട് ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്‌ഡൗൺ നീക്കിയിരുന്നു. ഇതിനു ശേഷമാണ് കൊവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയത്.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 525 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ടി പി ആർ 17.78 ശതമാനമാണ്. 2.59 ലക്ഷം പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 45,449 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44.88 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,961 പേർ രോഗമുക്തി നേടി.