ഉത്തര്‍പ്രദേശും ബിഹാറും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരിക്കുന്ന സംസ്ഥാനമായെന്ന് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചത് നന്നായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
പശ്ചിമ ബംഗാളിലെ ക്രമസാമാധാന നില തകര്‍ന്നെന്ന് പറയവേയാണ് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെ യു.പിയോടും ബിഹാറിനോടും താരതമ്യം ചെയ്തത്. ബിജെപി കൌണ്‍സിലര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കൌണ്‍സിലര്‍ മനീഷ് ശുക്ല പൊലീസ് സ്റ്റേഷന് മുന്‍പിലാണ് കൊല്ലപ്പെട്ടത്. ശുക്ലയെ പോലുള്ള ജനകീയരായ നേതാക്കളെ കൊല്ലുന്നതിനുള്ള ഗൂഢാലോചനയില്‍ പൊലീസുകാരും പങ്കാളികളാവുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
അടുത്ത വര്‍ഷം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് സംശയമുണ്ട്. 120ല്‍ അധികം ബിജെപി പ്രവര്‍ത്തകരാണ് ബംഗാളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടതെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഒരിക്കലെങ്കിലും ബിജെപി നേതാവ് സത്യം പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹകിം പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ബിഹാറിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചല്ലോ എന്നാണ് ഫിര്‍ഹാദ് ഹകിം പറഞ്ഞത്.
മനീഷ് ശുക്ലയെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. തിതാഗഡില്‍ പൊലീസ് സ്റ്റേഷന് സമീപം പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ ബരാക്പോരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
“പൊലീസ് സ്റ്റേഷന് മുന്‍പിലാണ് മനീഷ് ശുക്ല ആക്രമിക്കപ്പെട്ടത്. ബരാക്പോര്‍ എംപി അര്‍ജുന്‍സിങിന്‍റെ അടുത്ത അനുയായിയാണ് മനീഷ് ശുക്ല. തന്‍റെയും കൂടെയുള്ളവരുടെയും ജീവന്‍ അപകടത്തിലാണെന്ന് എംപി നേരത്തെ പറഞ്ഞിരുന്നു. ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന മമത ബാനര്‍ജിയോട് ജനം ക്ഷമിക്കില്ല. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണം”- ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ബിജെപിക്കുളളിലെ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് 2019ലാണ് മനീഷ് ശുക്ല ബിജെപിയിലെത്തിയത്.