രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. കാര്‍ഷിക, ചെറുകിട ലോണുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നീക്കത്തിലൂടെ നിലവിലുള്ള ശാഖകളുടെ എണ്ണം തന്നെ കുറയുന്ന അവസ്ഥയാണ്.
ചെറുകിട കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാണ് ബാങ്കുകള്‍ക്ക് കഴിഞ്ഞ മാസം 17ന് നല്‍കിയ നിര്‍ദേശം. ഗ്രാമീണ മേഖലകളിലടക്കം ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാല്‍ 10 പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതിലൂടെ ഈ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം. ലയനം കൂടുതല്‍ ശാഖകള്‍ അടച്ചു പൂട്ടുന്നതിനാണ് വഴി വെക്കുക. എസ്.ബി.ടി ഉള്‍പ്പെടെയുള്ള അഞ്ച് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിച്ചപ്പോള്‍ രണ്ടായിരത്തോളം ശാഖകളാണ് രാജ്യത്ത് പൂട്ടിയത്. 170ഓളം ശാഖകള്‍ സംസ്ഥാനത്തും പ്രവര്‍ത്തനം അവസാനിപ്പിച്ചു.
വന്‍കിട വായ്പകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നതിനേ ലയനം സഹായിക്കൂവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.