India National

ബാങ്കിലും ഇനി മതം അടയാളപ്പെടുത്തണം; പുതിയ അപേക്ഷകള്‍ ഉടന്‍

ബാങ്കുകളുടെ കെ.വൈ.സി(know your customer) അപേക്ഷകളില്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടി വരും. ബാങ്കിന് നിക്ഷേപകന്‍ നല്‍കേണ്ട രേഖയാണ് നൊ യുവര്‍ കസ്റ്റമര്‍ അഥവ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.

അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‍ലിം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി നല്കിവയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിക്ക്, ബുദ്ധ, ജെയ്ന്‍, ഹിന്ദു, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഭൂമി, മറ്റ് തരം സ്വത്തുക്കള്‍ വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനും അനുവദിക്കുന്ന തരത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റഗുലേഷനില്‍ (ഫെമ) ഭേഗതിചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം.

പൗരത്വ നിയമ ഭേദഗതിക്ക് സമാനമായ വ്യവസ്ഥകളാണ് ഈ നിയമത്തിലും ഉള്‍പ്പെടുന്നത്. 2018ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയത്.