രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ബാങ്ക് വായ്പാ തട്ടിപ്പുകളില്‍ കുറവില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആര്‍.ബി.ഐ തയ്യാറായില്ല.
നിഷ്ക്രിയ ആസ്തികളില്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും മോദി സര്‍ക്കാരിന് ശുഭകരമല്ല. സാമ്പത്തിക പ്രതിസന്ധിക്ക് മൂക്കുകയറിടാന്‍ ഒരു ഭാഗത്ത് നിഷ്ക്രിയ ആസ്തി കുറക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ 31,898 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നുവെന്നാണ് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കുന്നത്. 18 ബാങ്കുകളിലായി 2480 കേസുകളിലായാണ് ഇത്രയും വായ്പാ തട്ടിപ്പ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ തന്നെയാണ് കിട്ടാക്കടം നല്‍കിയതില്‍ മുന്‍പില്‍. ആകെ ഉള്ളതില്‍ 38 ശതമാനമാണ് ഇക്കാര്യത്തില്‍ എസ്.ബി.ഐയുടെ സംഭാവന. 1197 കേസുകളിലായി 12,012 കോടി രൂപയുടെ വായ്പാ തട്ടിപ്പ് എസ്.ബി.ഐയില്‍ നടന്നു. എസ്.ബി.ഐക്ക് പിന്നില്‍ 381 വായ്പാ തട്ടിപ്പുമായി അലഹബാദ് ബാങ്കാണ് രണ്ടാമത്.
എന്നാല്‍ എന്ത് തരം വായ്പകളിലാണ് തട്ടിപ്പ് നടന്നതെന്നോ ആരാണ് വായ്പ എടുത്തതെന്നോ ഉള്ള വിവരങ്ങള്‍ കൈമാറാന്‍ ആര്‍.ബി.ഐ തയ്യാറായിട്ടില്ല. വായ്പാ തട്ടിപ്പുകള്‍ നിയന്ത്രിക്കാനായി ഭാവയില്‍ വന്‍ തുക വായ്പ എടുക്കുന്നവരെ നിരീക്ഷിക്കുന്നത് അടക്കമുള്ള പുതിയ തീരുമാനങ്ങള്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.