India National

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. ദൂരക്കാഴ്ച കുറ‍ഞ്ഞതിനെ തുടര്‍ന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വായുമലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.

വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. അതീവ ഗുരുതരമായ വായുമലിനീകരണ തോതാണിത്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണ തോതില്‍ വന്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്തുവെങ്കിലും രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിനെ കാര്യമായി കുറക്കാന്‍ സാധിച്ചിട്ടില്ല. ദൂരക്കാഴ്ച കുറഞ്ഞത് റോഡ് ഗതാഗതത്തെയും വിമാന സര്‍വീസിനെയും ഒരു പോലെ ബാധിച്ചു. 32 വിമാനങ്ങള്‍ അമൃത്സര്‍, ലക്നൌ അടക്കമുള്ളിടങ്ങളിലേക്ക് വഴി തിരിച്ച് വിട്ടു. മലിനീകരണം മാറ്റമില്ലാതെ തുടരുന്നത് രാജ്യതലസ്ഥാനത്ത് സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്

തിങ്കളാഴ്ച ആരംഭിക്കുന്ന ഒറ്റ, ഇരട്ട വാഹന നിയന്ത്രണത്തിലൂടെ മലിനീകരണം ഒരു പരിധി വരെയെങ്കിലും കുറക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി സര്‍ക്കാര്‍. നവംബര്‍ നാല് മുതല്‍ പതിനഞ്ച് വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം ഉണ്ടാകുക.