India National

ബാബരി കേസ്; വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

ബാബരി ഭൂമിത്തർക്ക കേസിൽ വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. 40 ദിവസം തുടര്‍ച്ചയായിവാദം കേട്ട ശേഷമാണ് സുപ്രിം കോടതി വാദങ്ങള്‍ എഴുതി നല്‍കാന്‍ മൂന്ന് ദിവസം നല്‍കിയത്. അതിനിടെ മധ്യസ്ഥ സമിതിയുടെ നീക്കം ഗൂഢതാത്പര്യമാണെന്ന ആരോപണവുമായി മുസ്ലിംകക്ഷികളുടെ അഭിഭാഷകർ രംഗത്തെത്തിയിരുന്നു.

ബാബരി കേസിൽ അന്തിമ വാദം കേൾക്കൽ പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് മധ്യസ്ഥ സമിതി കോടതിക്ക് പ്രശ്നപരിഹാര ഫോർമുല സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഇന്നലെ ചേംബറിൽ ചേർന്ന ഭരണഘടന ബഞ്ച് റിപ്പോർട്ട് പരിശോധിക്കുകയും ചെയ്തു. റിപ്പോർട്ടിലെ നിബന്ധനകൾ അംഗീകരിച്ചാൽ കേസിൽ നിന്ന് പിന്മാറാമെന്ന് കാണിച്ച് യു.പി സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് ചെയർമാൻ സുഫർ അഹ്മദ് ഫാറൂഖി കോടതിക്ക് അപേക്ഷയും നൽകിയിരുന്നു. ആരാധനാലയങ്ങളുടെ തല്‍സ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുക, മറ്റെവിടെയെങ്കിലും പള്ളി നിർമിക്കാൻ ബോർഡിനെ അനുവദിക്കുക, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന് കീഴിലെ തിരഞ്ഞെടുത്ത പള്ളികളിലെ പ്രാർഥന സ്വാതന്ത്ര്യം, കേന്ദ്രസർക്കാർ ചിലവിൽ അയോധ്യയിലെ പള്ളികളുടെ നവീകരണം എന്നിവയാണ് പ്രശ്ന പരിഹാര ഫോർമൂലയിലെ നിബന്ധനകൾ.

ഫോർമൂലകൾ പുറത്ത് വിട്ടതിന് പിന്നിലും കേസിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് പിന്നിലും മധ്യസ്ഥ സമിതിയുടെ ഗൂഢതാത്പര്യമാണെന്ന ആരോപണവുമായി മുസ്ലിം കക്ഷികളുടെ അഭിഭാഷകർ രംഗത്തെത്തി. അതിനിടെ കേസിലെ കക്ഷികൾക്ക് വാദങ്ങൾ എഴുതി നൽകാൻ കോടതി അനുവദിച്ച മൂന്ന് ദിവസത്തെ സമയം ഇന്ന് അവസാനിക്കും. പുനഃപരിശോധന ഹരജി പരിഗണിക്കാനുള്ള സമയം കൂടി കണക്കാക്കി ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിവസത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.