അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്.
പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസിസമൂഹത്തിൽനിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാൽ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റിൽനിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ പിൻഗാമി മഹന്ദ് കമൽ നയൻദാസ് ആരോപിച്ചു. ട്രസ്റ്റിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.പി.ക്കുവേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയെ ട്രസ്റ്റിൽ ഉൾപ്പെടുത്തിയതിനെയും സന്ന്യാസിമാർ വിമർശിച്ചു.