India

വനിതാ ഓട്ടോ ഡ്രൈവറെ ശല്യപ്പെടുത്തി, ചോദ്യം ചെയ്യാൻ എത്തിച്ചപ്പോൾ ഇറങ്ങിയോടി; യുവാവ് വാഹനമിടിച്ച് മരിച്ചു

പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാഹുൽ എന്നയാളാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായിരുന്നു ഇയാളെ. കൊല്ലപ്പെട്ട രാഹുലും ഓട്ടോ ഡ്രൈവറാണ്.

ഉപജീവനത്തിനായി യുവതി ഇ-റിക്ഷ ഓടിച്ചുവരികയാണ്. സിവിൽ ലൈൻസ് മെട്രോ സ്‌റ്റേഷനു പുറത്ത് യാത്രക്കാർക്കായി കാത്തുനിൽക്കുമ്പോൾ രാഹുൽ മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്‌തതായി യുവതി ആരോപിച്ചു. കോൺസ്റ്റബിൾമാരായ രാകേഷ്, പ്രേം, നരേഷ് എന്നിവർ പരാതിക്കാരിക്കൊപ്പം വിധാൻസഭാ മെട്രോ സ്റ്റേഷനിലെത്തി മദ്യലഹരിയിലായിരുന്ന രാഹുലിനെ കണ്ടെത്തി – ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.

തങ്ങളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടു. പൊലീസ് സ്‌റ്റേഷനിൽ രാഹുൽ എത്തിയതോടെ പരാതിക്കാരി അക്രമാസക്തയായി. പൊലീസുകാർ എത്തി യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. രാഹുൽ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അജ്ഞാത വാഹനം ഇടിക്കുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു. അപകട വിവരമറിഞ്ഞ് രാഹുലിന്റെ കുടുംബാംഗങ്ങൾ സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടി. പരാതി നൽകിയ യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറോളം പ്രതിഷേധിച്ചതായി ഡിസിപി കൽസി പറഞ്ഞു.