India National

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്

മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്.

ഹരിയാനയില്‍ നവംബര്‍ 2നും മഹാരാഷ്ട്രയില്‍ നവംബര്‍ 9നും ഭരണ കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 8.94 കോടി ആളുകള്‍ക്കും ഹരിയാനയില്‍ 1.82 കോടി ആളുകള്‍ക്കുമാണ് വോട്ടവകാശമുള്ളത്.

ഒപ്പം കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് തന്നെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും.

കര്‍ണാടകയില്‍ 15 എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പും ഒക്ടോബര്‍ 21നാണ്.